Thursday, July 26, 2012

മഴയും കുഞ്ഞുമനസ്സും (മെയ്ഫ്ലവര്‍ കവിതകള്‍ )


http://api.ning.com/files/lL732xjou0MtFnZFt1UiP19Ms1r7unqNFVKlHrOTrSEtX6Rg8EaEQT1Oidxy8oZJ1HtGiXfG5zrfrT-SUgia6A__/The_Girl_in_the_rain_by_Best10Photos.jpg

ഒരു കുഞ്ഞു തെന്നല്‍ വന്നുമ്മ വെച്ചൊരാ
പൂവിന്‍റെ നെറുകില്‍ തൊട്ടും തലോടിയും
കാര്‍മേഘമാകവെ വിണ്ണില്‍ നിറയവെ
കുഞ്ഞു മിഴികളില്‍ മോഹമുണര്‍ന്നു .
തെല്ലിട നീങ്ങവേ മുകിലിന്‍ കൂട്ടില്‍ നിന്നൊരു
കുഞ്ഞു ദീപ്തി വന്നെത്തി നോക്കി
നിറയുന്നു കാര്‍മുകില്‍ തുണ്ടുകള്‍ മനസ്സില്‍
നീളവേ പരക്കുന്ന കിരണങ്ങള്‍ കണ്ട്
ചെറുതായി പെയ്യുന്ന മഴയില്‍ നനയുവാന്‍
കാത്തു കാത്തെത്രയോ നേരമിരുന്നവള്‍ .
ഒടുവിലൊരു തുള്ളി പെയ്യാതെ പോകുമ്പോള്‍
പെയ്തു നിറയുന്നതവളുടെ മിഴികള്‍ .
പുലരിയില്‍ വിരലിനാല്‍ മൈക്കണ്ണെഴുതി
പൂപോലെ വിടര്‍ന്നൊരാ നയനങ്ങളിപ്പോള്‍
കത്തുന്ന സൂര്യന്‍റെ ചൂടേറ്റു തളര്‍ന്നൊരു
പൂവിതള്‍ പോലെ വിവശമായ് തീര്‍ന്നു.
നിമിഷങ്ങളങ്ങിനെ പതിയെ ചലിക്കുമ്പോള്‍
കവിളാകെ പടരുമാ കരിമഷി കാണ്കെ
ഉപതാപാമൊഴുക്കുന്നൊരാ സൂര്യനേത്രങ്ങള്‍ 
അന്‍പുള്ള നോട്ടം അവളിലേക്കെറിഞ്ഞു.
പൊള്ളുന്ന ചൂടിന്റ്റെ കൊടുമയുപേക്ഷിച്ചു
പതിയെ മറഞ്ഞെങ്ങോ പോയി സൂര്യന്‍
ഒരു മാത്ര നേരം കൊണ്ടൊരു സ്വപ്നം പോലെ
കാര്‍മുകില്‍ കുഞ്ഞുങ്ങള്‍ വിരുന്നു വന്നു.
ഒറ്റയും പറ്റെയും വന്നൊരാ മുകിലുകള്‍
ഒന്നിച്ചൊരു മുകില്‍  കൂടാരമായ് മാറി
പതിയെ മറഞ്ഞെങ്ങോ പോയൊരാ തെന്നലും
പ്രമദമായ് തിരികെ വന്നൊന്നു വീശി
മുത്തുകള്‍ വൈരങ്ങള്‍ ചിതറുന്നതു പോലെ
നീര്‍ത്തുള്ളികള്‍ താഴെ വീണുടഞ്ഞു
കരിമഷി പടര്‍ത്തിയ കുഞ്ഞു കവിളില്‍
കാഞ്ചന ദീപങ്ങള്‍ വിരുന്നു വന്നു
പെയ്തു നിറഞ്ഞു പൊന്തുന്ന വെള്ളത്തില്‍
കുഞ്ഞു കാല്‍ കൊണ്ടവള്‍ നൃത്തം ചവിട്ടുന്നു.
എന്തൊരു രസമാണീ ഇറയത്തു പൊന്തിയ
വെള്ളമൊഴുക്കിലൂടോടി നടക്കുവാന്‍ .
പകയില്ല,വെറുപ്പില്ല കുഞ്ഞിന്‍ മനസ്സില്‍
കനലില്ല മിഴികളില്‍ കൊടുംക്രൂരതയില്ല
ചിരിയുണ്ട്, കളിയുണ്ട്, കുസൃതിയുണ്ട്
മനസ്സില്‍ നിറയെയും സ്വപ്നങ്ങളുണ്ട്.
മഴ പെയ്തു വീഴുമ്പോള്‍ ഹൃദയം നിറയുന്ന
മനസ്സു നഷ്ടപെട്ട ജനതയിലില്ലിവള്‍
കബന്ധങ്ങളറ്റിന്നു വീഴുന്ന മണ്ണില്‍
ചുടുചോര മായ്ക്കാന്‍ വര്‍ഷണം വേണം
കുഞ്ഞരിപ്പല്ലുകള്‍ കാട്ടിച്ചിരിക്കുമീ
കുഞ്ഞിന്‍റെ നാളെയെയോര്‍ക്കുന്ന നേരം
ഇനിവളരാതെ, ഈ ചിരി മായാതെ
ഈ മണ്ണില്‍ ഇങ്ങിനെ നിന്നെങ്കില്‍ ഭാഗ്യം.

Saturday, July 14, 2012

സൌഹൃദം (മെയ്ഫ്ലവര്‍ കവിതകള്‍ )


 
തൂലിക തുമ്പിലൂടൊഴുകി വന്നെത്തിയ
അക്ഷരപൂവായിരുന്നു എനിക്കു നീ
നിറഞ്ഞു തുളുമ്പുന്ന തേന്‍ തുള്ളികള്‍
നിശയിലൂടൊഴുകിയെത്തും സുഗന്ധം
മിഴികളെ കൊതിപ്പിക്കും ലാവണ്യം
മൊഴികളില്‍ നിറഞ്ഞൊഴുകും ആര്‍ദ്രത
വര്‍ണ്ണിക്കാനറിയില്ല നിന്‍ സൌഹൃദം
വാക്കിനാല്‍ പറയാനുമാവില്ല സൌഹൃദം
ഒരു ചുംബനത്തിന്‍റെ അകലമേയുള്ളൂ
സൌഹൃദം പ്രണയമായൊഴുകുവാനെന്ന്
കളിയായ് പറഞ്ഞപ്പോഴും,നിലാവൊഴുകും
നിന്നധരങ്ങളില്‍ നിറഞ്ഞ പുഞ്ചിരിയില്‍
വിരിഞ്ഞത് സൌഹൃദം മാത്രമായിരുന്നു.
കണ്ട നാള്‍ മുതല്‍ ഈ നിമിഷം വരെ
സ്നിഗ്ദ്ധമാം സൌഹൃദമെന്തെന്നറിഞ്ഞു ഞാന്‍
മൊഴികളില്‍ നിറയെ മധുരം പുരട്ടാതെ
മിഴികള്‍ക്കു പുറകില്‍ കുടിലതയില്ലാതെ
ചിരിക്കുമ്പോള്‍ കൂടെ ചിരിച്ചെനിക്ക് കൂട്ടായ്
കരയുമ്പോള്‍ മിഴിനീരൊപ്പും തൂവാലയായ്
കാണാതെ മൊഴിയാതെ കൂട്ടായെനിക്കെന്നും
നിന്‍ ഹൃദയാക്ഷരങ്ങള്‍ കൂടെയുണ്ട് സഖീ
വരണ്ട മരുഭൂമിയിലിരുണ്ട വീഥികളില്‍
വേനലിന്‍ ചൂടേറ്റു പിടയും നിമിഷങ്ങളില്‍
തെളിഞ്ഞ സൌഹൃദത്തിന്‍ സ്നേഹദൂതുമായ്
കാത്തിരിപ്പുണ്ടെന്‍ താളില്‍ നിന്‍ മൊഴികള്‍
തൂലികതുമ്പിനാല്‍ വിരിയിക്കും മഴവില്ലിന്‍
സൌഹൃദതണലിന്‍ താഴെയാണിന്നു ഞാന്‍
ഈറന്‍ മുളംതണ്ടില്‍ നിന്നൊഴുകിയെത്തുന്ന
ഈണങ്ങളൊക്കെയും ചുറ്റിനും നിറയുന്നു
നരച്ചൊരാ ഓര്‍മ്മകളൊക്കെയും യാത്രയായ്
നിറഞ്ഞൊരീ സൌഹൃദസ്പര്‍ശത്താലെങ്കിലും
ഇനിയും പിറക്കാനിരിക്കുന്ന നിമിഷങ്ങളില്‍
ഇടറാതെ, വേണമീ സൌഹൃദമെനിക്കെന്നും
നിറഞ്ഞ മനസ്സും തെളിഞ്ഞ മിഴിയുമായ്
നീയെനിക്കേകിയ സൌഹൃദത്തിനെന്‍
സ്നേഹാക്ഷരങ്ങളാല്‍ കുറിക്കുന്നു പ്രണാമം. :)

ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ :)

Friday, July 6, 2012

മനസ്സിലൊരു യമുനയൊഴുകുന്നു (മെയ്ഫ്ലവര്‍ കവിതകള്‍ )



 
തരളമാം സ്നേഹത്തിന്‍ തെളിനീരുമായ്
മനസ്സിലൊരു യമുനയൊഴുകുന്നു
ഓളങ്ങള്‍ പോലെ ഇളകിയൊഴുകി
മനസ്സിലൊരു യമുനയൊഴുകുന്നു
ഉണരുന്നൊരു നൂറായിരം സ്മരണകള്‍
നിമിഷങ്ങള്‍ പിന്നിടും നേരങ്ങളില്‍
പുലരിയിലുദിച്ചു വന്നൊരു സ്നേഹത്തിന്
അസ്തമയമില്ലെന്ന്  പറയാതെ പറഞ്ഞു
ഉച്ചയിലുച്ചിയില്‍ ചൂടേറ്റു പൊള്ളിക്കാതെ
മനസ്സിലൊരു സ്നേഹയമുനയൊഴുകുന്നു.
ഋതുക്കളിടവിട്ടു മാറുന്നതുപോലെ,
വസന്തമില്ലാതെ, ശിശിരമില്ലാതെ
വര്‍ഷവും ഗ്രീഷ്മവും ഹേമന്തവുമില്ലാതെ.
സമുദ്രത്തിന്‍ വേലിയേറ്റമിറക്കമില്ലാതെ
മനസ്സിലൊരു സ്നേഹയമുനയൊഴുകുന്നു.
മോഹത്തിന്‍ മധുപാത്രം നല്‍കാതെ
സ്വപ്നത്തിന്‍ അശ്വമേധങ്ങളില്ലാതെ
മനസ്സിലൊരു സ്നേഹയമുനയൊഴുകുന്നു.
കണ്ടനാള്‍ മുതല്‍ , അറിഞ്ഞ സ്നേഹത്തിന്‍
അനുഭവങ്ങളിലൂടെ ഒഴുകിനടക്കുമ്പോള്‍
തരളമാം സ്നേഹത്തിന്‍ തെളിനീരുമായ്
മനസ്സിലൊരു യമുനയൊഴുകുന്നു.
അറിഞ്ഞുമറിയാതെ നീയെന്‍ ജീവനില്‍
അമൃതമായ് നിറയുന്നതറിയുന്നു ,
സ്നേഹമൊരു പുഴയായ് മാറുന്നുവെങ്കില്‍
പ്രിയ സഖീ, നീയെനിക്ക് യമുനയാകും.
ഓര്‍ക്കുമ്പോള്‍ മനസ്സിലോര്‍മ്മകള്‍
പെരുമഴയായ് പെയ്തു പെയ്തു നിറയുന്ന ,
സൌഹൃദത്തിന്‍ വര്‍ണ്ണച്ചെപ്പുകള്‍ നിറയുന്ന
തരളമാം സ്നേഹത്തിന്‍ തെളിനീരുറയുന്ന
യമുനയൊഴുകുന്നു പ്രിയ സഖീ ,
നിനക്കായെന്‍ സ്നേഹം യമുനയായൊഴുകുന്നു.

ചിത്രത്തിനു കടപ്പാട്  . ഗൂഗിള്‍